ഭോപ്പാല്‍: വനിതാഹോസ്റ്റല്‍ മേല്‍നോട്ടക്കാരനെ കഴിഞ്ഞ ദിവസം ഭോപ്പാലില്‍ പീഡനക്കേസില്‍ അറസ്റ്റ് ചെയ്ത സാഹചര്യത്തില്‍ വനിതാ ഹോസ്റ്റലുകളില്‍ പരിശോധന കര്‍ശനമാക്കാന്‍ മുഖ്യമന്ത്രി ശിവരാജ് സിംഗ് ചൗഹാന്റെ നിര്‍ദ്ദേശം. ഉന്നതതല യോഗത്തിനു ശേഷമാണ് തീരുമാനം. ഹോസ്റ്റല്‍ നടത്തിപ്പിന് കര്‍ശന നിയമങ്ങള്‍ നിര്‍ദ്ദേശിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.
ഇന്നലെയാണ് ഹോസ്റ്റല്‍ ജീവനക്കാരനെ പോലീസ് അറസ്റ്റ് ചെയ്തത്. കേള്‍ക്കാനും സംസാരിക്കാനും കഴിയാത്ത പെണ്‍കുട്ടിയെയും മറ്റ് രണ്ട് പേരെയും ലൈംഗികമായി പീഡിപ്പിച്ചു എന്നാണ് ഇയാള്‍ക്കെതിരെയുള്ള കേസ്.
സംസാരിക്കാന്‍ കഴിയാത്ത കുട്ടിയില്‍ നിന്നും ആംഗ്യഭാഷാ വിദഗ്ധരുടെ സഹായത്തോടെയാണ് പോലീസ് മൊഴിയെടുത്തത്. സംഭവം രക്ഷിതാക്കളോട് പറഞ്ഞാല്‍ കൊന്നു കളയുമെന്ന് പ്രതി ഭീഷണിപ്പെടുത്തിയിരുന്നതായും വീട്ടില്‍ പോകാന്‍ അനുവദിച്ചില്ലെന്നും പോലീസ് പറഞ്ഞു.