തിരുവനന്തപുരം: ഇന്നലെ നടന്ന സംസ്ഥാന ചലച്ചിത്ര പുരസ്കാരദാന ചടങ്ങില്‍ മോഹന്‍ലാലിനെതിരെ അലന്‍സിയര്‍ ‘വെടിയുതിര്‍ത്തത്’ എന്തിനാണെന്ന ചോദ്യത്തിന് പിന്നാലെയായിരുന്നു ഇന്ന് കേരളം. ആ വെടിവെയ്പിന് പിന്നില്‍ പടച്ചുവിട്ട വാര്‍ത്തകളെയെല്ലാം പിന്തള്ളി ഒടുവില്‍ വാസ്തവം പറഞ്ഞ് അലന്‍സിയര്‍. മനോരമന്യൂസ് ഡോട്ട് കോമിനോടായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.
‘ഞാന്‍ മോഹന്‍ലാലിനെ പിന്തുണയ്ക്കുകയാണ് ചെയ്തത്, അല്ലാതെ പ്രതിരോധിക്കുകയായിരുന്നില്ല. കൈകൊണ്ട് കാട്ടിയ ഒരു ആംഗ്യം ഇത്രമേയറെ പൊല്ലാപ്പാകുമെന്നും കരുതിയില്ല. മോഹന്‍ലാലിനെ എല്ലാവരും വേട്ടയാടുകയാണ്. അതുകൊണ്ടാണ് അദ്ദേഹം പ്രസംഗിച്ചപ്പോള്‍ അങ്ങനെ കാട്ടിയത്. അത് ഞാന്‍ നടന്നുപോകുന്നതിനിടയില്‍ കാണിച്ചതാണ്’ അലന്‍സിയര്‍ പറയുന്നു.
‘യഥാര്‍ത്തില്‍ വാഷ്റൂമില്‍ പോകുകയായിരുന്നു ഞാന്‍. ആവഴിയാണ് ആഗ്യം കാട്ടിയത്. ഞാന്‍ സ്റ്റേജില്‍ കയറാന്‍ ശ്രമിച്ചിട്ടില്ല, സ്റ്റേജിന് പിന്നില്‍കൂടി വാഷ്റൂമില്‍ പോകുകയായിരുന്നു. എന്നെ ആരും പിടിച്ചു മാറ്റിയിട്ടുമില്ല. ഞാനൊരാള് വെടിയുതിര്‍ത്താല്‍ തകര്‍ന്നുപോകുന്നയാളാണോ അദ്ദേഹം..? അതെന്താണ് ആരും മനസിലാക്കാത്തത്. അങ്ങനെയെങ്കതില്‍ മുഖ്യമന്ത്രിക്കു നേരെ വെടിയുതിര്‍ത്തു എന്നും വ്യാഖ്യാനിക്കേണ്ടതല്ലേ.? മുഖ്യമന്ത്രി അതിലെ പരിഹാസം മനസിലാക്കിയതുകൊണ്ടാണ് ചിരിച്ചു കളഞ്ഞത്’ എന്നും അദ്ദേഹം പറഞ്ഞു.
സര്‍ക്കാസ്റ്റിക്കായി കാണിച്ചതാണ് ദുര്‍വ്യാഖ്യാനം ചെയ്യപ്പെട്ടത്. ഇതില്‍ ഏറെ വിഷമമുണ്ട്. രാവിലെ ലാല്‍ സാറിനെ വിളിച്ചിരുന്നു. അദ്ദേഹം കാര്യങ്ങള്‍ കേട്ടു മനസിലാക്കി. ഞാന്‍ അദ്ദേഹത്തിനെതിരെ വ്യാജ ഒപ്പിട്ടില്ല, അദ്ദേഹത്തിന്റെ വീടിനുമുമ്പില്‍ റീത്തും വച്ചിട്ടില്ല. വളരെ തെറ്റായ വാര്‍ത്തകളാണ് ഇപ്പോള്‍ പ്രചരിപ്പിക്കപ്പെടുന്നത്. ഇത് ശരിക്കും വിഷമമുണ്ടാക്കുന്നതായും അലന്‍സിയര്‍ പറഞ്ഞു.
മോഹന്‍ലാല്‍ പറയുന്നതെല്ലാം കള്ളമായതുകൊണ്ടാണ് അലന്‍സിയര്‍ പ്രതീകാത്മകമായി വെടിയുതിര്‍ത്തത് എന്നായിരുന്നു വാര്‍ത്തകള്‍ പ്രചരിച്ചിരുന്നത്. ഇന്നലെ തിരുവനന്തപുരത്ത് സംസ്ഥാന ചലച്ചിത്ര പുരസ്കാര ചടങ്ങിനിടെ മോഹന്‍ലാല്‍ പ്രസംഗിച്ചു കൊണ്ടിരിക്കുമ്പോഴാണ് അലന്‍സിയര്‍ എഴുന്നേറ്റ് നിന്ന് വെടിയുതിര്‍ക്കുന്നതു പോലുള്ള ആംഗ്യം കാട്ടിയത്.