ഇംഗ്ലണ്ടിനെതിരെ നടന്ന ടെസ്റ്റ് മത്സരത്തില്‍ ഇന്ത്യ 31 റണ്‍സിന് പരാജയപ്പെട്ടെങ്കില്‍ ബോളിംഗ് നിരയില്‍ പേസ് ബോളര്‍ ഇഷാന്ത് ശര്‍മ്മ ശ്രദ്ധേയമായ പ്രകടനം നടത്തിയിരുന്നു. രണ്ടാം ഇന്നിംഗ്സില്‍ അഞ്ചു വിക്കറ്റ് നേട്ടവും സ്വന്തമാക്കിയ ഇഷാന്ത് ശര്‍മ്മയ്ക്ക് മാച്ച് ഫീയുടെ 15 ശതമാനം പിഴയും ലഭിച്ചിരിക്കുകയാണ്. ഒരു ഡീ മെറിറ്റ് പോയന്റും നടപടിയുടെ ഭാഗമായി താരത്തിന് ലഭിച്ചിട്ടുണ്ട്.
മത്സരത്തിന്റെ രണ്ടാം ഇന്നിംഗ്സില്‍ ഡേവിഡ് മലനെ പുറത്താക്കിയപ്പോള്‍ നടത്തിയ അതിരുകടന്ന ആഘോഷപ്രകടനത്തിനാണ് മാച്ച് റഫറി താരത്തിന് പിഴ ശിക്ഷ നല്‍കിയത്. ഐസിസി കോഡ് ഓഫ് കണ്ടക്ടിലെ ലെവല്‍ ഒന്നാണ് താരം ലംഘിച്ചതെന്ന് മാച്ച് റഫറി ജെഫ് ക്രോ വ്യക്തമാക്കി. കുറ്റം താരം സമ്മതിച്ചതോടെ ഹിയറിംഗ് നടത്താതെ തന്നെ നടപടി പ്രഖ്യാപിക്കുകയായിരുന്നു.
ബാറ്റ്സ്മാന് പുറത്താവുമ്പോള്‍ പ്രകോപിപ്പിക്കുന്ന ആക്ഷനുകള്‍ കാണിക്കുക, മോശം ഭാഷ പ്രയോഗിക്കുക തുടങ്ങിയ വകുപ്പുകള്‍ ഉള്‍പ്പെടുന്ന കോഡ് ഓഫ് കണ്ടക്ടിലെ ആര്‍ട്ടിക്കിള്‍ 2.1.7 ആണ് താരം ലംഘിച്ചത്. മത്സരത്തിലാകെ ഇഷാന്ത് ആറു വിക്കറ്റുകള്‍ വീഴ്ത്തിയിരുന്നു.