കൊച്ചി: സംഘപരിവാര്‍ ഭീഷണിയെ തുടര്‍ന്ന് മൂന്നാം ലക്കത്തോടെ പിന്‍വലിച്ച എസ് ഹരീഷിന്റെ നോവല്‍ ‘മീശ’ പുസ്തക രൂപത്തില്‍ പ്രസിദ്ധീകരിച്ചു. ഡിസി ബുക്സാണ് പുസ്തകം പ്രസിദ്ധീകരിച്ചത്. ഇന്ന് വൈകിട്ട് അഞ്ച് മണിയോടെ ഡിസിയുടെ പ്രധാന ബുക്ക്സ്റ്റോളുകളില്‍ പുസ്തകം എത്തിയിട്ടുണ്ട്.
മാതൃഭൂമി ആഴ്ചപതിപ്പില്‍ രണ്ട് ലക്കം പ്രസിദ്ധീകരിച്ചു കഴിഞ്ഞപ്പോഴാണ് സംഘപരിവാര്‍ സംഘടനകള്‍ നോവലിലെ ഒരു കഥാപാത്രത്തിന്റെ സംഭാഷണത്തിന്റെ പേരില്‍ വിവാദവും അക്രമവും ആരംഭിച്ചത്. പുസ്തകം പ്രസിദ്ധീകരിക്കാന്‍ തീരുമാനിച്ചത് മുതല്‍ ഡിസി ബുക്സിന് നേരെയും ഭീഷണി ഉണ്ടായി. ഭീഷണിയെ തുടര്‍ന്ന് രവി ഡിസി കോട്ടയം ഈസ്റ്റ് പോലീസിന് പരാതി നല്കി.
ഹരീഷിന്റെ കുടുംബാംഗങ്ങള്‍ക്ക് നേരെ അശ്ലീലവും അസഭ്യവുമായ രീതിയില്‍ സൈബര്‍ ആക്രമണം നടന്നു. ഹരീഷിനെതിരെ വധഭീഷണി വരെ ഉണ്ടായി. ഇതില്‍ ഒരാളെ പോലീസ് പിടികൂടി. പെരുമ്പാവൂര്‍ സ്വദേശി സുരേഷ് ബാബുവിനെയാണ് ഏറ്റുമാനൂര്‍ പോലീസ് കസ്റ്റഡിയിലെടുത്തത്. കഴിഞ്ഞ ഞായറാഴ്ച രാവിലെ എസ് ഹരീഷിന്റെ ഫോണില്‍ വിളിച്ച് വധഭീഷണി മുഴക്കിയെന്നാണ് പരാതി. രാവിലെ മുതല്‍ നിരന്തരം വിളിച്ച് ഭീഷണി മുഴക്കിയതിനെ തുടര്‍ന്നാണ് പരാതി കൊടുത്തത്.
ഹരീഷിനും കുടുംബാംഗങ്ങള്‍ക്കെതിരെയും ഭീഷണിയും മാതൃഭൂമിയ്ക്ക് നേരെ ആക്രമണങ്ങളും നടന്ന സാഹചര്യത്തിലാണ് ഹരീഷ് ജൂണ്‍ 21 ന് നോവല്‍ പ്രസിദ്ധീകരിക്കുന്നത് നിര്‍ത്തിയിരുന്നു. മൂന്നാം ഭാഗം വന്നതിന് ശേഷമായിരുന്നു നോവല്‍ പിന്‍വലിച്ചത്. സംസ്ഥാന സര്‍ക്കാരും പ്രതിപക്ഷവും കേരളത്തിലെ സാംസ്കാരിക പ്രവര്‍ത്തകരുമുള്‍പ്പടെയുളളവര്‍ ഹരീഷിന് പിന്തുണയുമായി എത്തി. മീശ എന്ന നോവലില്‍ അമ്പലത്തില്‍ പോകുന്ന സ്ത്രീകളെ അപമാനിച്ചുവെന്നാരോപിച്ച് സംഘപരിവാര്‍ സംഘടനകളായിരുന്നു എഴുത്തുകാരനെതിരെ രംഗത്തെത്തിയത്.
”എസ് ഹരീഷിന്റെ ‘മീശ’ ഞങ്ങള്‍ പ്രസിദ്ധീകരിക്കുകയാണ്. എസ് ഹരീഷ് മുന്‍ പുസ്തകങ്ങളെപ്പോലെ ഡിസി ബുക്സിനെ ഏല്‍പ്പിക്കുകയാണ് ചെയ്തത്. അതിനാല്‍ത്തന്നെ അതിന്റെ പ്രസീദ്ധീകരണം നിര്‍വ്വഹിക്കുക എന്നത് ഞങ്ങളുടെ കര്‍ത്തവ്യമായി ഏറ്റെടുത്തു. എക്കാലത്തും എഴുത്തുകാരോടും വായനക്കാരോടൊപ്പമാണ് ഞങ്ങള്‍. ‘മീശ’ ഇപ്പോള്‍ ഇറക്കാതിരിക്കുകയാണെങ്കില്‍ മലയാളത്തില്‍ ഇനിയൊരു നോവലോ കഥയോ പ്രസിദ്ധീകരിക്കല്‍ അസാധ്യമായി വന്നേക്കാം. ബഷീന്റെയോ വികെഎന്റെയോ ചങ്ങമ്പുഴയുടെയോ വി ടി യുടെയോ ഇന്നത്തെ എഴുത്തുകാരുടെയോ കൃതികള്‍ പ്രസിദ്ധീകരിക്കുന്നതിന് പലരുടെയും അനുവാദം വാങ്ങേണ്ടിയും വന്നേയ്ക്കാം. അതിനാല്‍ ‘മീശ’യുടെ പ്രസിദ്ധീകരണം ഞങ്ങള്‍ നിര്‍വ്വഹിക്കുന്നു,” എന്ന് ഡി സി ബുക്സ് അറിയിച്ചു.
കേരള സാഹിത്യ അക്കാദമി അവാര്‍ഡ് ജേതാവായ ഹരീഷിന്റെ ‘രസവിദ്യ’, ‘ആദം’ ‘അപ്പന്’ എന്നീ കഥാ സമാഹാരങ്ങള്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്. കഴിഞ്ഞ ഒരു ദശകത്തിനുളളില്‍ മലയാള സാഹിത്യലോകത്ത് ഏറെ ശ്രദ്ധേയമായ കഥകളാണ് ഹരീഷിന്റേത്. ഹരീഷിന്റെ കഥയെ അടിസ്ഥാനമാക്കി സഞ്ജു സുരേന്ദ്രന് സംവിധാനം ചെയ്ത ‘ഏദന്‍’ എന്ന ചലച്ചിത്രം രാജ്യാന്തര ചലച്ചിത്രോത്സവത്തില്‍ ശ്രദ്ധ പിടിച്ചുപറ്റിയിരുന്നു. ഹരീഷിന്റെ ‘മാവോയിസ്റ്റ്’ എന്ന കഥയെ അടിസ്ഥാനമാക്കി ലിജോ ജോസ് പെല്ലിശ്ശേരിയുടെ ‘ജെല്ലിക്കെട്ട്’ എന്ന സിനിമയുടെ പ്രവര്‍ത്തനവും അണിയറയിലാണ്.