തൃശ്ശൂര്‍: നാട്ടിലെ പൊതു സേവനങ്ങളെക്കുറിച്ച് പരാതികള്‍ ഏറെ ഉയരുന്നുണ്ട്. എന്നാല്‍ പരാതികള്‍ക്കിടയിലും ഒരു വിളിപ്പുറത്ത് തങ്ങളുണ്ടെന്ന് പലപ്പോഴും തെളിയിക്കുന്നുണ്ട്. രാത്രിയില്‍ തനിച്ചായ യാത്രക്കാരിയ്ക്ക് കൂട്ടുനിന്നിട്ടും വിളിപ്പുറത്ത് ഓടിയെത്തിയിട്ടും കെഎസ്ആര്‍ടിസി, ഫയര്‍ ഫോഴ്സ്, കെഎസ്ഇബിയുടെ തങ്ങള്‍ക്ക് മേലുള്ള ചീത്തപ്പേര് മായ്ക്കുകയാണ്.
കൊടുങ്ങല്ലൂര്‍ സ്വദേശിയായ ഫൈസല്‍ ഫൈസിയെന്ന യുവാവ് ഫയര്ഫോഴ്സുകാരില് നിന്നുണ്ടായ അനുഭവം ഫേസ്ബുക്കില്‍ കുറിച്ചത് വൈറലായിരിക്കുകയാണ്. ഒരു വിളിക്കപ്പുറം സുരക്ഷയ്ക്ക് തങ്ങളുണ്ടെന്ന വിശ്വാസം ഊട്ടിയുറപ്പിക്കുകയായിരുന്നു അവര്‍.
”എന്റെയൊരു ചെറിയ അനുഭവം ഇവിടെ കുറിക്കുന്നു.. കഴിഞ്ഞ ദിവസം.. സമയം രാത്രി ഒരു 10.30 ആയിക്കാണും. വീടിനടുത്തുള്ള വിശാലമായ പാടശേഖരത്തില്‍ ഒരു തീ പിടുത്തം..
വലിയ രീതിയില്‍ ഉള്ളതല്ലെങ്കിലും, സമീപത്തു നിറയെ വീടുകള്‍ ഉള്ളത് കൊണ്ടും അന്തരീക്ഷം മുഴുവന്‍ പുകമയമായത് കൊണ്ടും ഫയര്‍ ഫോഴ്സുമായി ഫോണില്‍ ബന്ധപ്പെട്ടു. ആദ്യമായിട്ടായത് കൊണ്ട് , എങ്ങോട്ട്.. ഏതു നമ്പറില്‍.. എന്നൊന്നും അറിയില്ലായിരുന്നു.
ടോള്‍ ഫ്രീ നമ്പറില്‍ വിളിച്ചതും ഒരു റിങ്ങില്‍ അവര്‍ കോള്‍ അറ്റന്‍ഡ് ചെയ്തു. സംഭവം വിശദീകരിച്ചപ്പോള്‍ അവര്‍ പറഞ്ഞു ഇത് സെന്‍ട്രല്‍ കണ്ഡ്രോള് റൂം ആണ് ,ഈ പ്രശ്നം അത്ര സീരിയസ് അല്ലാത്തതിനാല്‍ താങ്കളുടെ അടുത്തുള്ള ഫയര്‍ ആന്‍ഡ് റെസ്ക്യൂ സര്‍വീസ് നമ്പര്‍ തരാം, താങ്കള്‍ക്ക് അവരോടു സംസാരിക്കാനും ലൊക്കേഷന്‍ കൃത്യമായി പറഞ്ഞു കൊടുക്കാനും കഴിയും എന്ന്. അവര്‍ എനിക്ക് എന്റെ അടുത്തുള്ള കണ്ട്രോള് റൂം നമ്പര്‍ തന്നു .
ഞാന്‍ ആ നമ്പറില്‍ വിളിക്കാന്‍ ശ്രമിക്കും മുന്‍പ് എനിക്ക് ഒരു കാള്‍ വന്നു. സര് , കൊടുങ്ങല്ലൂര്‍ ളശൃല സ്റ്റേഷനില്‍ നിന്നാണ് ലൊക്കേഷന്‍ ഒന്നു പറയുമോ? ‘ അത്ഭുതവും ഉള്ളിലുള്ള ബഹുമാനവും എന്തോ ഒന്നും സംസാരിക്കാതെ ഒരു നിമിഷം നിന്ന ഞാന്‍ പറഞ്ഞു, സര് ഇവിടെ ഞങ്ങള്‍ നാട്ടുകാര്‍ ഇടപെട്ടു ഒരു വിധം കാര്യങ്ങള്‍ നിയന്ത്രണ വിധേയമാക്കിയിട്ടുണ്ട്. നിങ്ങള്‍ വരേണ്ട ആവശ്യം ഇല്ല എന്നു തോന്നുന്നു.
അപ്പോള്‍ ആ ഓഫീസര്‍ പറഞ്ഞു ‘ സര് ,അവിടത്തെ അവസ്ഥ എന്താണെന്ന് ഞങ്ങള്‍ക്ക് അറിയില്ല പക്ഷെ അവിടെ എന്തോ ഒരു ബുദ്ധിമുട്ടു ഉണ്ടായിട്ടുണ്ട് എന്നു ഞങ്ങള്‍ അറിഞ്ഞ സ്ഥിതിക്ക് അവിടെ വരേണ്ടത് ഞങ്ങളുടെ ഉത്തരവാദിത്തമാണ്.ആരെങ്കിലും ആ മെയിന്‍ റോഡ് വന്നു നില്‍ക്കണം ഞങ്ങള്‍ ഉടന്‍ എത്തും.കൃത്യമായി പറഞ്ഞാല്‍ കാള്‍ വിളിച്ചത് മുതല്‍ 10 മിനുറ്റ് കൊണ്ടു അവര്‍ പറന്നെത്തി .
ഇവിടെ വന്നു പ്രശ്നങ്ങള്‍ ഒന്നുമില്ല എന്നും , നിങ്ങള്‍ സുഖമായി ഉറങ്ങിക്കൊള്ളു എന്നും എന്തു പ്രശ്നം ഉണ്ടെങ്കിലും ഒരു ഫോണ്‍ കോളിന് അപ്പുറം ഞങ്ങള്‍ ഉണ്ടെന്നും, നിങ്ങള്‍ക്ക് പരിഹരിക്കാന്‍ പറ്റാത്ത കാര്യങ്ങള്‍ക്കു റിസ്ക് എടുത്തു ചെയ്യാന്‍ ശ്രമിക്കകരുത് എന്നും, അതിനെല്ലാം ട്രെയിനിങ് കിട്ടിയ പ്രൊഫഷണല്‍സ് ളശൃല സര്‍വീസില്‍ ഉണ്ടെന്നും പറഞ്ഞു അവര്‍ യാത്രയായി.അവര്‍ പോയ ശേഷം വല്ലാത്തൊരു സമാധാനവും ഒരു സുരക്ഷിതത്വവും തോന്നി .
കുറേ കാലം പ്രവാസ ജീവിതത്തില്‍ ആയിരുന്നത് കൊണ്ടു നാട്ടിലെ സര്‍വീസുകള്‍ ..
അതിനെ കുറിച്ചൊന്നും വലിയ ധാരണ ഇല്ലായിരുന്നു. പലപ്പോഴും പല സ്ഥലത്തും നമുക്ക് കിട്ടിയ അവരുടെ പെരുമാറ്റം ..സേവനം.. ഒക്കെ നമ്മുടെ മുന്‍ വിധികളെ മാറ്റി എടുക്കുന്നതായിരുന്നു.
അങ്ങനെ മനസുകൊണ്ടു അഭിവാദ്യം ചെയ്തു പോയ സ്ഥലങ്ങള്‍ ആയിരുന്നു വെള്ളാങ്ങല്ലുര്‍ പ്രാഥമിക ആരോഗ്യ കേന്ദ്രവും.. ഇരിഞ്ഞാലക്കുട പോലീസ് സ്റ്റേഷനും .. പിന്നെ ഇരിഞ്ഞാലക്കുട വ്യവസായ വികസന ഉദ്യോഗസ്ഥനും…ബാക്കി തരില്ല എന്നു ബഹളം വെക്കുന്നതില്‍ നിന്നും കുറവുള്ളത് പിന്നെ എടുക്കാം എന്നു പുഞ്ചിരിയോടെ പറയുന്ന KSRTC…. ഒറ്റ കാള്‍ വിളിച്ചാല്‍ ഇപ്പോ വരാം എന്ന് ഉറപ്പോടെ പറയുന്ന KSEB… അത് വരെയും എത്തി നില്ക്കുന്നു ആ സേവനം.
പ്രവര്‍ത്തി കൊണ്ടു അത്ഭുതപ്പെടുത്തിയ കൊടുങ്ങല്ലൂര്‍ ഫയര്‍ ആന്‍ഡ് റെസ്ക്യൂ ടീമിനു ഹൃദയത്തില്‍ നിന്നുമൊരു സല്യൂട്ട്..’